Pages

Monday, April 11, 2016

പാത്തുവിന്റെ പാട്ട്!

ഞാൻ ഒരു കാര്യം പറഞ്ഞാ കളിയാക്ക്വോ? എനിക്ക് തിയെറ്ററിൽ പോയി സിനിമ കാണാൻ പേടിയാ. എന്നാലും കണ്ടിട്ടോക്കെയുണ്ട് ട്ടോ. ചില സിനിമയിലൊക്കെ അടിയും ബഹളവും ഒക്കെ യുണ്ടാവും. ലൈറ്റ് ഒക്കെ ഓഫ് ആക്കി അതൊക്കെ കാണുമ്പോ എങ്ങനെ പേടിക്കാതിരിക്കും. അതോണ്ട്, നമുക്ക് ആ സിനിമ കാണാൻ പോവാം... ഈ സിനിമ കാണാൻ പോവാം... എന്നൊക്കെ പപ്പാ പറയുമ്പോ തന്നെ ഞാൻ കരയാൻ തുടങ്ങും! പിന്നെ ഐസ് ക്രീം ഒക്കെ കിട്ടുമെന്ന് തോന്നുമ്പോ ഞാൻ ഒരു വിധത്തിൽ അടങ്ങും.. എന്നാലും ഒരു ശ്വാസം മുട്ടൽ ആണ് സിനിമ കഴിയുന്നതു വരെ. പത്തു മിനിറ്റു കഴിയുമ്പോ തൊട്ടു ചോദിച്ചോണ്ടിരിക്കും എപ്പോ തീരും എപ്പോ തീരും എന്ന്. ദാ ഇപ്പൊ കഴിയും ... കഴിയാറായി... എന്ന് പപ്പയും പറഞ്ഞോണ്ടിരിക്കും!

സമിക്കുട്ടനു (എന്റെ അനിയൻ) ഒരു വയസ്സാകുന്നതിനു മുന്പാണ് ഞാനും പപ്പേം കൂടെ ഒന്നിച്ചു ഒരു പടത്തിനു പോയത്, സമിക്കുട്ടൻ കുഞ്ഞായത് കൊണ്ട് അവനേം മമ്മയേം കൊണ്ടോയില്ല ! എത് സിനിമയാണെന്നറിയണ്ടേ?.. "കത്തി" (വിജയുടെ പടം).
അതിലാണെങ്കി നിറയെ അടിയും കുത്തും ബഹളവും!! തിയെറ്റരിൽ കേറുമ്പോ തന്നെ വാങ്ങി തന്ന ഐസ് ക്രീം തീർന്നപ്പൊ തൊട്ടു ഞാൻ ചോദിക്കാൻ തുടങ്ങി, നമുക്ക് പോവാം ... പോവാം... എന്ന്! പപ്പ അപ്പൊ പലതും പറഞ്ഞു നോക്കി... അതിന്റെ കഥയൊക്കെ പറഞ്ഞു മനസ്സിലാക്കിച്ചു തന്നു... ഒരു വിധത്തിൽ ഞാൻ കണ്ടു തീർത്തു! കഴിഞ്ഞപ്പോ പപ്പ ചോദിച്ചു: "ഇപ്പോ എങ്ങനുണ്ട്.. സൂപ്പർ സിനിമയല്ലേ?"



"അല്ല!!... എനിക്കിഷ്ടപ്പെട്ടില്ല!" ഞാൻ.

"അതെന്താ?"

"അടിക്കുന്നതും കൊല്ലുന്നതുമൊക്കെ കണ്ടപ്പോ എനിക്ക് പേടിയായി,.. "

"അത് പിന്നെ ഇങ്ങോട്ട് അടിക്കാൻ വന്നാ പിന്നെ തിരിച്ച്ചടിക്കണ്ടേ...!" പപ്പ പറയുന്നത് കേട്ടപ്പോ എനിക്ക് മനസ്സിലായി പപ്പക്ക് നല്ല ഇഷ്ടായി എന്ന്. അപ്പൊ എനിക്കും തോന്നി, അത് ശെരിയാ, ആ ചേട്ടൻ ഇല്ലാരുന്നെങ്കി (വിജയ്) ആ പാവം അങ്കിൾ മാരെ ആ ആള്ക്കാര് കൊന്നു കളഞ്ഞേനെ!

തിയെറ്ററിൽ കണ്ടപ്പോ പെടിയായെങ്കിലും, പിന്നീട് ടീവിയിൽ "കത്തി" എപ്പോ വന്നാലും എനിക്ക് അത് കാണണം. മാത്രവുമല്ല വിജയ് ചേട്ടന്റെ ഏതു സിനിമ ടീവിയിൽ വരുമ്പോളും കാണാൻ എന്തോ ഒരു ഇഷ്ടം!
പിന്നെ... ഒരു പ്രധാന കാര്യം പാട്ടുകളാണ്! കത്തിയിലെ പാട്ടുകൾ എവിടെ കേട്ടാലും ഭയങ്കര ഇഷ്ടമാണ്! സെൽഫി പുള്ളേ... ഉമ്മാ ... ഉമ്മാ... അടിപൊളി പാട്ടല്ലേ ;)




പാട്ട് കാരണം മാത്രം ഇഷ്ടപ്പെട്ട പടങ്ങൾ പിന്നേം ചിലതൊക്കെ കണ്ടു ട്ടോ... പ്രേമം (ആലുവാ പുഴ, അവള് വേണ്ട്രാ...) ഒക്കെ അങ്ങനെ ഇഷ്ടപ്പെട്ടതാണ്. പക്ഷെ ആ പടം എന്തായിരുന്നു കഥ? എനിക്കൊന്നും മനസ്സിലായില്ല!! പപ്പയും മമ്മയും ഇരുന്നു കുറെ ചിരിക്കുന്നതും കയ്യടിക്കുന്നതുമൊക്കെ കണ്ടു! എന്താ ഇപ്പൊ അവര് പറഞ്ഞത് ന്നു ഞാൻ ചോദിക്കുമ്പോ പറഞ്ഞു തരില്ല! അത് പിന്നെ പറയാം... ഇപ്പൊ കാണു! എന്ന് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ പറയും. പറഞ്ഞു തരുമ്പോ സ്ക്രീനിൽ നിന്ന് കണ്ണ് മാറ്റണമല്ലോ... അതാ.. ഹും!


ഇപ്പൊ വന്ന് വന്ന് തിയെറ്ററിൽ എത്തീട്ടെ ഞാൻ അറിയൂ സിനിമ കാണാൻ ആയിരുന്നു ഞങ്ങൾ പുറപ്പെട്ടത് എന്ന്! ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലല്ലോ.. അതാ!!. "കുഞ്ഞി രാമായണം" കാണാൻ അമ്മൂമ്മേം (മമ്മയുടെ മമ്മ) ഉണ്ടാരുന്നു ഞങ്ങടെ കൂടെ. കേറിയപ്പോ ഞാൻ പപ്പയോടു ദേഷ്യപ്പെട്ടു, "എന്തിനാ ഇവിടെ വന്നത്... നമുക്ക് പോവാം".


"നിന്റെ ഇഷ്ടപ്പെട്ട പാട്ട് ഉണ്ട് ഈ സിനിമയിൽ... പാവാട തുംബാലെ തട്ട്യാലും..., അതോണ്ട് വന്നതാ" പപ്പ പറഞ്ഞു.

"അത് നമുക്ക് വീട്ടിന്നു കേള്ക്കാം... വാ പോവാം" ഞാൻ.

"ഏതായാലും വന്നില്ലേ... ഇനി കണ്ടിട്ട് പോവാം. നിനക്ക് കാണേണ്ട എങ്കിൽ നീ ഉറങ്ങിക്കോ കേട്ടോ" മമ്മ ദേഷ്യപ്പെട്ടു.

അങ്ങനെ ആ പടവും കണ്ടു. ഭാഗ്യം, അതിൽ അടിം ബഹളോന്നുമുണ്ടായിരുന്നില്ല! പക്ഷെ പപ്പ പറഞ്ഞ പോലെ ആ പാട്ട് സിനിമയിൽ കണ്ടതുമില്ല! "അതെന്തു പറ്റി?" പപ്പയും കൻഫുഷൻ ആയി!

ഒടുവിൽ ആദ്യമായി തിയെറ്ററിൽ പോയി കണ്ട ഒരു പടം എനിക്ക് നല്ല ഇഷ്ടമായി! ഏതാണെന്ന് പറയാമോ? "അമർ അക്ബർ അന്തോണി".


ആ സിനിമേല് ഒരു അടിപൊളി പാട്ടുണ്ട്! അതിലെ പാത്തുകുട്ടി പാടുന്ന പാട്ട്! "എന്നോ ഞാനെന്റെ മുറ്റത്തോരറ്റത്ത് ...". അതൊരുഗ്ഗ്രൻ പാട്ടാണ്! സിനിമ കാണുന്നതിനു മുൻപേ എനിക്ക് ആ പാട്ട് നല്ല ഇഷ്ടപ്പെട്ടിരുന്നു. കണ്ടപ്പോ ഒന്നുകൂടി ഇഷ്ടം കൂടി.

വീട്ടില് വന്നപ്പോ തൊട്ടു അത് കീബോഡിൽ വായിക്കാൻ ശ്രമം തുടങ്ങി... ശേരിയാവേം കൂടെ ചെയ്തപ്പോ ഞാൻ വെരി ഹാപ്പി. പപ്പക്കും മമ്മക്കും ആ പാട്ട് കീബോഡിൽ വായിച്ചു കേള്പ്പിച്ചു കൊടുക്കാൻ തുടങ്ങി. കൊള്ളാം... വായിച്ചതു കറക്റ്റ് ആണ് എന്ന് പറഞ്ഞു പപ്പ ഷേക്ക് ഹാൻഡ് തന്നപ്പോ വെരി വെരി ഹാപ്പി :)


"പപ്പാ ,.. എനിക്കതിന്റെ വരികൾ എടുത്തു തരോ? പാടി നോക്കാനാ!" എന്ന് ഞാൻ പറയേണ്ട താമസം പപ്പ അത് മൊബൈലിൽ എടുത്തു തന്നു. പിന്നാലെ അതിന്റെ മുസിക്കും (കരോക്കെ).



 പിന്നെയങ്ങോട്ട് ആ പാട്ട് തന്നെ ഏതു നേരവും. മമ്മ ക്കാണെന്കിൽ കേട്ട് കേട്ട് മടുത്തു! ഞാൻ നിറുത്തുമോ! പിന്നീം പിന്നീം പാടി കൊണ്ടിരുന്നു.

അങ്ങനെ ഒരു സൺഡേ, പപ്പ അത് എന്നെ കൊണ്ട് മുസിക്കിന്റെ കൂടെ പാടിച്ചു പപ്പേടെ മൊബൈലിൽ റെക്കോർഡ് ചെയ്തു. റെക്കോർഡ് ചെയ്തു കേട്ടപ്പോ മമ്മക്കും ഇഷ്ടമായി ന്നു തോന്നുന്നു. ചില വരികളൊക്കെ പപ്പ പിന്നേം പിന്നേം പാടിച്ചു ശെരിയാക്കിച്ചു.

സമയം കിട്ടുമെങ്കിൽ ഞാൻ പാടിയത് കേട്ടിട്ട് ഇഷ്ടമായോ എന്ന് പറയോ? മുഴുവനും ശെരിയായിട്ടൊന്നുമില്ല ട്ടൊ. എന്നാലും നിങ്ങള് കേട്ടിട്ട് പറയണേ.



എന്നാ പിന്നെ ഞാൻ പോയിട്ട് പിന്നെ വരാം. റ്റാ റ്റാ ... ബൈ ബൈ. :)

Tuesday, February 10, 2015

Candle Dance

ഇന്ന് എന്റെ സ്കൂളിൽ Annual Day പരിപാടികളാ. അതോണ്ട് ഉച്ചക്കു പോയാ മതിയല്ലോ.. :) ഉച്ചക്കു 2 മണിക്ക് അവിടെത്തണം. 6:30 ആവുമ്പോ പരിപാടികൾ തുടങ്ങും ന്നു പറഞ്ഞു സ്മിത ടീച്ചർ. പപ്പ എന്നെ കൊണ്ട് വിടുമായിരിക്കും, അതോ മമ്മ യായിരിക്ക്വോ ആവോ! ഇപ്പൊ പപ്പ ഓഫീസിൽ തിരക്കാവുമ്പോ മമ്മ യാ ചിലപ്പോഴൊക്കെ കാർ ഓടിക്കുന്നത്. പപ്പ ഓഫീസിന്നു വന്നാൽ രക്ഷപ്പെട്ടു!

ആ... പിന്നെ... എന്റെ Candle ഡാൻസ്  ഉണ്ട് ട്ടോ, ഞാൻ ഒറ്റക്കല്ല, അമ്നയും എല്ലാരും ഉണ്ട്. ഇന്ന് സ്കൂളിൽ വന്നാൽ കാണാം ട്ടോ. ഇന്നലെ സ്റ്റേജ് rehearsal ആയിരുന്നു അതിന്റെയൊക്കെ. ഞാൻ സ്റ്റെപ് എല്ലാം പഠിച്ചു കഴിഞ്ഞു, ചിലരൊക്കെ ഇപ്പോളും തെറ്റിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നിട്ട്, ഇന്നലെ ഞാൻ സ്റ്റേജ് ൽ കേറാൻ തുടങ്ങുമ്പോ ... ദാ നിൽക്കുന്നു പപ്പ സ്റ്റേജ് നു മുന്നിൽ, എന്റെ ഡാൻസ് കാണാൻ :). ഞാൻ കൈ വീശി കാണിച്ചപ്പോ പപ്പ ഹാപ്പി :) ഡാൻസ് തുടങ്ങ്യപ്പോ പപ്പ മൊബൈലിൽ റെക്കോർഡ്‌ ചെയ്യുന്നുണ്ടാരുന്നു,.. ഞാൻ അങ്ങോട്ട്‌ ചെരിഞ്ഞു നോക്ക്യപ്പോ പപ്പ എന്നോട് മുന്നോട്ടു നോക്കാൻ ആന്ഗ്യം കാണിച്ചു :) ഇന്നലത്തെ പരിപാടിയൊക്കെ കഴിഞ്ഞു കുറച്ചു നേരം സ്കൂളിലെ ഗ്രൗണ്ടിൽ കളിയൊക്കെ കഴിഞ്ഞു ഞങ്ങൾ ബുള്ളെറ്റ് ൽ കയറി തിരിച്ചു പോന്നു.

പോരുന്ന വഴിക്കാണ് ഞാൻ ഒരു കാര്യം ഓർത്തത്‌. ഇന്നലെ സ്റ്റേജ് Rehearsal ആയതോണ്ട് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല, പക്ഷെ യുണിഫോം ഇട്ടു വരണമെന്നു ടീച്ചർ സ്ലിപ്പിൽ എഴുതി തന്നു വിട്ടിട്ടുണ്ടായിരുന്നു. ഇന്നത്തെ Annual Day പരിപാടിക്കു കളർ ഡ്രസ്സ്‌ മതി പക്ഷെ, പെട്ടെന്ന് ചേഞ്ച്‌ ചെയ്യാൻ പറ്റുന്ന ഫ്രോക്ക് പോലെ എന്തെങ്കിലും വേണം എന്നും. ഞാൻ പക്ഷെ ആ സ്ലിപ് നേരെ മമ്മക്കു കൊടുത്തു, ഞാൻ ഒന്നും കണ്ടിരുന്നില്ല. എന്നിട്ടെന്തായി,... യുണിഫോം ഇടേണ്ട ദിവസവും ഇടണ്ടാത്ത ദിവസവും തമ്മിൽ എനിക്ക് മാറിപ്പോയി. സ്റ്റേജ് rehearsal നു ഞാൻ യുണിഫോം ഇടെണ്ടതിനു പകരം കളർ ഡ്രസ്സ്‌ (പെട്ടെന്ന് ചേഞ്ച്‌ ചെയ്യാവുന്ന ഫ്രോക്ക്) ഇട്ടു, മമ്മയാണെങ്കിൽ തിരക്കിനിടയിൽ സ്ലിപ്പിലെ കാര്യങ്ങളൊന്നും ഓർത്തതുമില്ല. ബസ്‌ സ്റ്റോപ്പ്‌ ൽ എത്തിയപ്പോ പിടി കിട്ടി, എനിക്ക് മണ്ടത്തരം പറ്റിയെന്നു. ബസിൽ കേറിയപ്പോ ഞാൻ മാത്രം കളർ ഡ്രസ്സ്‌ :( ടീച്ചർ വഴക്ക് പറയുമോന്നോർത്തു ആകെ ടെൻഷൻ ആയി.

സ്കൂളിൽ എത്ത്യപ്പോ വേറേം ചിലരെ യുനിഫോമില്ലാതെ കണ്ടപ്പോ ഇച്ചിരി സമാധാനായി.  ടീചെർടെ അടുത്ത് ചെന്ന് യുണിഫോം മറന്നു പോയ കാര്യം ഞാൻ മെല്ലെ പറഞ്ഞു. അപ്പൊ ടീച്ചർ എന്നെ ഒന്ന് നോക്കീട്ടു പറയാ ... "ആ... തൽകാലം കുഴപ്പമില്ല! " എന്നിട്ട് ബാക്കി girls നോടായിട്ടു പറയുവാ ... "നാളെ എല്ലാരും അലയ്ന യുടെ പോലത്തെ ഡ്രസ്സ്‌ ഇട്ടോണ്ട് വേണം വരാൻ, കേട്ടോ?" എല്ലാരും അതെ എന്ന് തലയാട്ടി. "അലയ്ന,... നാളെ ഈ ഡ്രസ്സ്‌ തന്നെ ഇട്ടാ മതി, ഒകേ?" ഞാനും തലയാട്ടി :)

ഹാവൂ ... എനിക്കെന്തൊരു സന്തോഷമായെന്നോ... എന്റെ എല്ലാ ടെൻഷനും പോയിക്കിട്ടി. തിരിച്ചു വീട്ടിലേക്കു പപ്പയുടെ പിന്നിൽ ബുല്ലെറ്റിൽ ഇരുന്നു പോകുമ്പോൾ ഞാൻ പപ്പയോടു ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുവാരുന്നു. പപ്പ ചിരിച്ചോണ്ട് പറയുന്നത് കേട്ടു.... "ഉം ... തല്ക്കാലം നീ രക്ഷപ്പെട്ടു. ഇനിയെങ്കിലും ക്ലാസ്സിൽ ടീച്ചർ പറയുന്നത് ശ്രദ്ധിച്ചു കേട്ടിട്ട് വീട്ടിൽ മമ്മയോട് പറഞ്ഞു കൊടുത്താൽ മോൾക്ക്‌ കൊള്ളാം കേട്ടോ... :)".

"ഉം... ശെരി പപ്പാ... :)".

ഇനി ഞാൻ ശെരിക്കുള്ള Candle ഡാൻസ് കളിക്കാൻ സ്കൂളിൽ പോവട്ടെ.... 2 മണി ആവാറായി. പപ്പ എന്നെ കൊണ്ട് പോവാൻ വരാറായി.  6:30 നാണ് പരിപാടികൾ തുടങ്ങുന്നത് കേട്ടോ... മറക്കണ്ട... :) റ്റാ റ്റാ... :)